പത്തനംതിട്ട: നഗരത്തിലെ സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ യാത്രക്കാരും വ്യാപാരികളും നാട്ടുകാരും ദുരിതത്തിൽ. കുഴികൾ നിറഞ്ഞ റോഡുകൾ കാരണം യാത്ര ദുസ്സഹമാണെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു. നിരവധി ഇരുചക്ര വാഹന യാത്രികർക്ക് കുഴിയിൽ വീണ് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ സർക്കാരിന്റെയും എം.എൽ.എ വീണാ ജോർജിന്റെയും ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്.
അബാൻ മേൽപ്പാലത്തിന്റെ നിർമ്മാണം ആരംഭിച്ച് അഞ്ച് വർഷം പിന്നിട്ടിട്ടും ഇഴഞ്ഞുനീങ്ങുന്ന പ്രവൃത്തികളും റോഡുകളിലെ കുഴികളും വ്യാപാരികളെ കടക്കെണിയിലാക്കിയിരിക്കുകയാണ്. അഞ്ച് വർഷത്തോളമായി വ്യാപാരം തകർച്ചയിലാണെന്നും പലരും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വ്യാപാരികൾ പറയുന്നു. ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകേണ്ടിയിരുന്ന പത്തനംതിട്ട റിംഗ് റോഡും ഇപ്പോൾ ഉപയോഗശൂന്യമായ അവസ്ഥയിലാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
“ഒരുപാട് പേർക്ക് അപകടങ്ങൾ സംഭവിച്ചു. എന്നിട്ടും അധികൃതർ കണ്ണടയ്ക്കുകയാണ്,” ഒരു നാട്ടുകാരൻ പറഞ്ഞു.
പത്തനംതിട്ടയിലെ ബസ് സ്റ്റാൻഡുകളുടെയും അവസ്ഥ പരിതാപകരമാണെന്നും, പുറംമോടിയിൽ ഉൾകാഴ്ചയെ മറച്ച് പൊതുജനത്തെ കബളിപിക്കുവാൻ ശ്രമിക്കുകയാണെന്നും വിമർശനമുയരുന്നുണ്ട്.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങൾ പോലും സമയബന്ധിതമായി പൂർത്തിയാക്കാത്തതും, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ അവഗണിക്കുന്നതും ജനപ്രതിനിധികളുടെ കഴിവുകേടാണെന്ന് പൊതുജനങ്ങൾക്കിടയിൽ വിമർശനം ഉയർന്നിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിൽ സർക്കാരിനും എം.എൽ.എയ്ക്കും ജനങ്ങളോടുള്ള പ്രതിബദ്ധത നഷ്ടപ്പെട്ടുവോ എന്ന ചോദ്യവും ശക്തമാകുന്നുണ്ട്