OICC ജിദ്ദ റീജിയൺ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു; അനശ്വര രക്തസാക്ഷി നൗഷാദ് പുന്നയെയും മുൻ മന്ത്രി വക്കം പുരുഷോത്തമനെയും അനുസ്മരിച്ചു
ജിദ്ദ: അനശ്വര രക്തസാക്ഷി നൗഷാദ് പുന്നയുടെ ആറാം രക്തസാക്ഷിത്വ ദിനവും മുൻ മന്ത്രി വക്കം പുരുഷോത്തമന്റെ ചരമവാർഷികവും OICC ജിദ്ദ റീജിയൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിദ്ദയിലെ റീജിയണൽ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്നു. ഉറച്ച മതേതര നിലപാടുകളുമായി രാഷ്ട്രീയ ജീവിതം നയിച്ച നൗഷാദിനെപ്പോലുള്ളവർ പകർന്നുനൽകിയ ആശയങ്ങളെ ഒരു വർഗീയ ശക്തിക്കും ഇല്ലാതാക്കാനാവില്ലെന്ന് യോഗത്തിൽ അനുസ്മരണ പ്രഭാഷണം നടത്തിയ OICC ജിദ്ദ റീജിയണൽ പ്രസിഡന്റ് ഹക്കീം പാറക്കൽ അഭിപ്രായപ്പെട്ടു.
കേരളം കണ്ട മികച്ച ഭരണാധികാരിയായിരുന്നു വക്കം പുരുഷോത്തമനെന്നും പ്രവർത്തിച്ച മേഖലകളിലെല്ലാം അദ്ദേഹം മികവ് തെളിയിച്ചതായും യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു. ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത ഭരണകൂട ഭീകരതയ്ക്കെതിരെ യോഗം ശക്തമായി പ്രതിഷേധിച്ചു. ഫാസിസ്റ്റ് ശക്തികൾ ന്യൂനപക്ഷ വേട്ട നടത്തുമ്പോൾ അതിന് മൗനാനുവാദം നൽകുകയാണ് ബിജെപി സർക്കാർ ചെയ്യുന്നതെന്നും ആൾക്കൂട്ട വിചാരണ നടത്തി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും പ്രസംഗകർ ചൂണ്ടിക്കാട്ടി.
സഹീർ മാഞ്ഞാലി, റഷീദ് ബിൻ സാഗർ, മുജീബ് തൃത്താല, ആസാദ് പോരൂർ, അലി തെക്ക്തോട് എന്നിവരും റീജിയണൽ, ജില്ലാ കമ്മിറ്റി ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. അസ്ഹബ് വർക്കല സ്വാഗതവും ഷെരീഫ് അറക്കൽ നന്ദിയും പറഞ്ഞു.
