ജദ്ദയിൽ ഡീൻ കുര്യാക്കോസ് എംപിക്ക് ഉജ്ജ്വല സ്വീകരണം

ജദ്ദയിൽ ഡീൻ കുര്യാക്കോസ് എംപിക്ക് ഉജ്ജ്വല സ്വീകരണം; തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫിലുള്ള ജനവിശ്വാസത്തിന്റെ തെളിവെന്ന് എംപി.

ജദ്ദ: ഹ്രസ്വസന്ദർശനാർത്ഥം ജദ്ദയിലെത്തിയ ഇടുക്കി ലോക്‌സഭാ മണ്ഡലം എംപി ഡീൻ കുര്യാക്കോസിന് ഒഐസിസി വെസ്റ്റേൺ റീജിയണൽ കമ്മിറ്റി ഗംഭീര സ്വീകരണം നൽകി. റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു.

കേരളത്തിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്നതിനുശേഷം യുഡിഎഫ് നേടിയ ഏറ്റവും ഉജ്ജ്വലമായ വിജയമാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേതെന്ന് അദ്ദേഹം യോഗത്തിൽ പറഞ്ഞു.

എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിനും വർഗീയതയ്ക്കുമെതിരായ മതേതര കേരളത്തിന്റെ വ്യക്തമായ വിധിയെഴുത്താണ് ഈ ഫലമെന്ന് അദ്ദേഹം സംതൃപ്തിയോടെ പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് ഭരണത്തോടുള്ള ജനങ്ങളുടെ വർദ്ധിച്ചുവരുന്ന അമർഷത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. 2020-ൽ 580 ഗ്രാമപഞ്ചായത്തുകൾ ഭരിച്ചിരുന്ന എൽഡിഎഫ് ഇപ്പോൾ 345-ലേക്ക് ഒതുങ്ങിയപ്പോൾ, യുഡിഎഫ് 340-ൽ നിന്ന് 500 പഞ്ചായത്തുകളിലേക്ക് കുതിച്ചു. ഇത് യുഡിഎഫിലുള്ള ജനങ്ങളുടെ പുതുക്കിയ വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, യുഡിഎഫിന്റെ ചിട്ടയായ ആസൂത്രണം, സുതാര്യമായ സ്ഥാനാർത്ഥി നിർണ്ണയം, അച്ചടക്കത്തോടെയുള്ള പ്രവർത്തനം എന്നിവ ഈ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചതായി അദ്ദേഹം വിലയിരുത്തി. അഴിമതിയിലും ബന്ധുനിയമനത്തിലും മുങ്ങിയ എൽഡിഎഫ് സർക്കാരിനെതിരെ നിലനിൽക്കുന്ന ശക്തമായ പൊതുവികാരം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. കേരളത്തിന്റെ സുസ്ഥിരമായ ഭാവി മുൻനിർത്തിയുള്ള വ്യക്തമായ നയരേഖയുമായി യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒഐസിസി നേതാക്കളായ സഹീർ മാഞ്ഞാലി, രാധാകൃഷ്ണൻ കാവുമ്പായി, ആസാദ് പരൂർ, മനോജ് മാത്യു അടൂർ, അനിൽ കുമാർ പത്തനംതിട്ട, ഷൗക്കത്ത് പരപ്പനങ്ങാടി, മുഹമ്മദ് അബൂബക്കർ, ജലീഷ് കാളികാവ്, മോഹൻ ബാലൻ, കുഞ്ഞാൻ പൂക്കാട്ടിൽ, സി.ടി.പി. ഇസ്മായിൽ, സക്കറിയ കിളിമാനൂർ, മജീദ് ചേരൂർ, മൗഷ്മി ഷെരീഫ്, അബ്ദുൾ ഖാദർ ആലുവ, സിമി അബ്ദുൾ ഖാദർ, മിർസ ഷെരീഫ്, ജില്ലാ പ്രസിഡൻ്റുമാരായ ഷമീർ നദ്‌വി, അയ്യൂബ് പന്തളം, അർഷാദ് ഏലൂർ, നാസർ കോഴിതോടി, ഫിറോസ് ചെറുകോട്, ഷിബു വയനാട്, റഫീഖ് മൂസ, നിതീഷ് കാസർഗോഡ്, നൗഷാദ് മക്ക എന്നിവരും വിവിധ ജില്ലാ ഏരിയ ഹെൽപ്പ് ഡെസ്ക് ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.
ഒഐസിസി ജദ്ദ ജനറൽ സെക്രട്ടറി അസാബ് വർക്കല സ്വാഗതവും ട്രഷറർ ഷെരീഫ് അറക്കൽ നന്ദിയും രേഖപ്പെടുത്തി. ഐക്യത്തിന്റെയും പ്രതിബദ്ധതയുടെയും സന്ദേശം നൽകിക്കൊണ്ടാണ് യോഗം സമാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *